ഗ്ളൂക്കോസാമിനും കൂട്ടുകാരും
നമ്മുടെ നാട്ടിൽ ഒരു പ്രായം കഴിഞ്ഞാൽ കാൽ മുട്ട് വേദന ഇല്ലാത്തവർ കുറവാണ്. 50-55 വയസ് കഴിഞ്ഞാൽ സ്വാഭാവികമായും മുടി നരച്ചു തുടങ്ങും. അതിനോട് സമാനമായ മാറ്റങ്ങൾ കാൽ മുട്ടുകളിലും കണ്ടുതുടങ്ങും. ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് ഇംഗ്ലീഷിൽ പറയുന്ന മുട്ട് തേയ്മാനം നമ്മെ ബുദ്ധി മുട്ടിക്കാൻ തുടങ്ങുകയായി. എങ്ങിനെയെങ്കിലും വേദനമാറണം, തേയ്മാനം തടഞ്ഞു നിർത്തണം. എന്താണ് വഴി? വളരെ സാധാരണമായി വിപണിയിൽ ലഭ്യമായ ഗുളികയാണ് ഗ്ലൂക്കോസാമിനും കോണ്ട്രോയിടിൻ സൾഫേറ്റും. ഈ ഗുളിക തേയ്മാനം കുറക്കുമോ?
ആദ്യമേ പറയട്ടെ, കാൽമുട്ട് തേയ്മാനത്തിന് (ഓസ്റ്റിയോ അർത്രൈറ്റിസ്) ഗ്ലൂക്കോസാമിനും കോണ്ട്രോയിടിൻ സൾഫേറ്റും ഉപയോഗിക്കുന്നത് ശാസ്ത്രീയമായി തെളിയിച്ച ചികിത്സാ രീതിയല്ല! കാൽമുട്ട് തേയ്മാനത്തിന്റെ ചികിത്സാ ഗൈഡ്ലൈനുകളിൽ ഒന്ന് പോലും ഇവയുടെ ഉപയോഗം ശുപാർശ ചെയ്യുന്നില്ല. എന്ന് മാത്രമല്ല, FDA ഇവയെ മരുന്നിന്റെ ഗണത്തിൽ പെടുത്തുക പോലും ചെയ്‌തിട്ടില്ല.
എന്താണ് ഗ്ലൂക്കോസാമിൻ & കോൺഡ്രോയിട്ടിൻ സൾഫേറ്റ് ?
ഗ്ലൂക്കോസാമിൻ – ശരീരത്തിൽ സ്വാഭാവികമായി ഉല്പാദിപ്പിക്കപ്പെടുന്ന ഒരു സംയുക്തമാണ്. ഉപാസ്ഥിയുടെ (കാർട്ടിലേജ്) സംരക്ഷണത്തിൽ സഹായിക്കുമെന്നുകരുതപ്പെടുന്നു, എന്നാൽ അതിന് ശക്തമായ ശാസ്ത്രീയ തെളിവുകളില്ല. സാധാരണയായി ഷെൽഫിഷിൽ നിന്നോ കൃത്രിമമായി ലബോറട്ടറിയിൽ നിന്നോ ഉണ്ടാക്കുന്നു.
കോൺഡ്രോയിട്ടിൻ സൾഫേറ്റ് – ഉപാസ്ഥിയിലെ ഈർപ്പം നിലനിർത്താനും തകർച്ച തടയുവാനും സഹായിക്കുമെന്ന് ചിലർ പറയുന്നു,എന്നാൽ ഇതു ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.
ഇവ ശരിക്കും ഫലപ്രദമാണോ?
വേദന കുറയ്ക്കുമെന്ന് മരുന്ന് കമ്പനികൾ സ്‌പോൺസർ ചെയ്യുന്ന കുറച്ച് പഠനങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും, വിശ്വാസയോഗ്യമായ മറ്റു പഠനങ്ങൾ ഈ മരുന്നുകൾക്ക് വലിയ ഫലമൊന്നുമില്ലെന്നതാണ് കാണിക്കുന്നത്. ഇത് ഉപാസ്ഥി (cartilage) പുനർനിർമ്മിക്കാൻ സഹായിക്കുമെന്നു കരുതരുത് – ഇവ കഴിച്ചിട്ട് തകർന്ന ഉപാസ്ഥി വീണ്ടും വളരും എന്ന് കരുതുന്നത് തെറ്റായ ധാരണയാണ്.
അർത്രൈറ്റിസ് നിയന്ത്രിക്കാനുളള നല്ല മാർഗങ്ങൾ
ഭാരം നിയന്ത്രിക്കുക – അധിക ഭാരം കാൽമുട്ടിനു വളരെ അധികം സമ്മർദ്ദം നൽകും.
ശാസ്ത്രീയമായി തെളിയിച്ച വ്യായാമങ്ങൾ – നടത്തം, മൃദുവായ സ്‌ട്രെച്ചിംഗുകൾ
അവസാന ഘട്ടത്തിൽ മുട്ട് മാറ്റിവക്കൽ പരിഗണിക്കാം
ചുരുക്കത്തിൽ
ഗ്ലൂക്കോസാമിനും കോൺഡ്രോയിട്ടിൻ സൾഫേറ്റിനും മുട്ട്തേമാനം മാറ്റാൻ കഴിയില്ല.
വളരെ ചെലവേറിയതും, ശാസ്ത്രീയമായ അടിത്തറ ഇല്ലാത്തതുമായ സപ്ലിമെന്റുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത് ഒരു വിപണി തന്ത്രമാകാം